Copied!

ഇന്ന് മുതൽ LDF സർക്കാരിന്റെ ഒന്നാം വാർഷികദിനമായ മെയ് 20 വരെ 100 ദിന പരിപാടികൾ നടപ്പിലാകും - മുഖ്യമന്ത്രി പിണറായി വിജയൻ - LDF GOVERNMENT 100 DAYS

 


ഈ സര്‍ക്കാര്‍ അധികാരമേറ്റിട്ട് മെയ് 20 ന് ഒരു വര്‍ഷം തികയുകയാണ്. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ നമ്മുടെ നാട് ഒട്ടേറെ പ്രയാസങ്ങളിലൂടെയാണ് കടന്നുപോയത്. കോവിഡിന്റെ രണ്ടും മൂന്നും തരംഗങ്ങള്‍ ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചു. സാധാരണ നിലയില്‍ നടക്കേണ്ട പല പ്രവര്‍ത്തനങ്ങള്‍ക്കും അവ തടസ്സം സൃഷ്ടിച്ചു. എന്നാല്‍ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ജനജീവിതം സുരക്ഷിതമാക്കുന്നതിനുള്ള ഇടപെടലുകള്‍ക്കും ഒരു മുടക്കവും വരുത്താതെയാണ് സര്‍ക്കാര്‍ ഈ കാലം പിന്നിടുന്നത് എന്ന് പറയാന്‍ ചാരിതാര്‍ത്ഥ്യമുണ്ട്. അധികാരത്തില്‍ വന്നയുടനെ നൂറുദിവസത്തിനുള്ളില്‍ ചെയ്തുതീര്‍ക്കുന്ന കാര്യങ്ങള്‍ പ്രത്യേകപരിപാടിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നിശ്ചിതസമയത്തിനുള്ളില്‍ അവ പൂര്‍ത്തീകരിച്ചതിന്റെ റിപ്പോര്‍ട്ടും ജനങ്ങള്‍ക്കു മുന്നില്‍ വെച്ചു. ഇപ്പോള്‍ ഒന്നാം വാര്‍ഷികത്തിനു മുന്നോടിയായി മറ്റൊരു നൂറുദിന പരിപാടി പ്രഖ്യാപിക്കുകയാണ്. ഫെബ്രുവരി 10ന് -നാളെ- ആരംഭിച്ച് മന്ത്രിസഭയുടെ ഒന്നാം വാര്‍ഷിക ദിനമായ മെയ് 20-ന് അവസാനിക്കുന്ന വിധത്തിലാണ് ഈ പരിപാടി നടപ്പാക്കുക.


ആദ്യ നൂറുദിന പരിപാടി 2021 ജൂണ്‍ 11 മുതല്‍ സെപ്റ്റംബര്‍ 19 വരെയാണ് നടപ്പാക്കിയിരുന്നത്. മുന്‍ സര്‍ക്കാരും രണ്ടു തവണയായി നൂറുദിന പരിപാടികള്‍ പ്രഖ്യാപിച്ച് സമയബന്ധിതമായി നടപ്പാക്കിയിരുന്നു. സാമൂഹിക, പശ്ചാത്തല സൗകര്യ, തൊഴില്‍ മേഖലകളില്‍ ഗണ്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ മുമ്പ് നടപ്പാക്കിയ മൂന്ന് നൂറുദിന പരിപാടികള്‍ക്കും കഴിഞ്ഞിട്ടുണ്ട്.


ഫെബ്രുവരി 10 മുതല്‍ 2022 മെയ് 20 വരെയുള്ള കാലയളവിലെ നൂറുദിന പരിപാടിയില്‍ ആകെ 1,557 പദ്ധതികളും 17,183.89 കോടി രൂപയുടെ വകയിരുത്തലും അടങ്ങിയിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി വൈദ്യുതി വകുപ്പ് 5,87,000, ജലവിഭവവകുപ്പ് 3,91,282, തദ്ദേശസ്വയംഭരണ വകുപ്പ് 7,73,669 എന്നിങ്ങനെ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നിര്‍മ്മാണ പ്രവൃത്തികളിലൂടെയുള്ള തൊഴില്‍ ദിനങ്ങളായതിനാല്‍ അതിഥി തൊഴിലാളികള്‍ക്കും ഇതിലെ ഒരു പങ്ക് സ്വാഭാവികമായി ലഭ്യമാകും.


നിര്‍മ്മാണ പ്രവൃത്തികളെ ആസ്പദമാക്കിയുള്ള തൊഴില്‍ ദിനങ്ങള്‍ക്ക് പുറമെ പ്രത്യക്ഷവും പരോക്ഷവുമായി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങള്‍ 4,64,714 ആണ്. ഇതില്‍ കൃഷി വകുപ്പ് 1,12,000 പ്രത്യക്ഷ തൊഴിലവസരങ്ങളും 56,500 പരോക്ഷ തൊഴിലവസരങ്ങളും വനംവകുപ്പ് സാമൂഹ്യ വനവത്ക്കരണ പദ്ധതിയിലൂടെ (എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ്) 93,750 തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.





ഈ നൂറു ദിവസങ്ങളില്‍ ഉദ്ഘാടനം ചെയ്യുകയും നിര്‍മ്മാണമാരംഭിക്കുകയും ചെയ്യുന്ന എല്ലാ പരിപാടികളും ഇവിടെ വിശദീകരിക്കുന്നില്ല. സംസ്ഥാന തലത്തില്‍ ഏകോപിപ്പിച്ചു നടത്തുന്ന പരിപാടിക്ക് പുറമേ പ്രാദേശിക തലത്തിലും വകുപ്പു തലത്തിലും ഉള്ളവയും ഉണ്ട്. പൊതുവായി ആസൂത്രണം ചെയ്ത പ്രധാനപ്പെട്ട ചിലതു മാത്രം സൂചിപ്പിക്കാം.


👉 സര്‍ക്കാരിന്‍റെ രണ്ടാം നൂറ് ദിന പരിപാടിയുടെ തുടക്കം ഉന്നത നിലവാരത്തിലുള്ള 53 സ്കൂളുകള്‍ നാടിന് സമര്‍പ്പിച്ചു കൊണ്ടാണ്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി നിരവധി സ്കൂളുകളാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളും മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവൃത്തി തുടരും.


👉 ഈ നൂറു ദിവസത്തിനുള്ളില്‍ 140 നിയമസഭാ മണ്ഡലങ്ങളില്‍ 100 കുടുംബങ്ങള്‍ക്ക് വീതവും 30,000 സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കെ ഫോണ്‍ കണക്ഷന്‍ നല്‍കും. ഗ്രാമനഗരഭേദമന്യേ കേരളമൊന്നാകെ മികച്ച ഇന്‍റര്‍നെറ്റ് ബ്രോഡ്ബാന്‍റ് കണക്റ്റിവിറ്റി ഒരുക്കുകയുംലക്ഷക്കണക്കിനു കുടുംബങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് സൗജന്യമായി നല്‍കുകയും ചെയ്യാന്‍ ലക്ഷ്യമിടുന്ന കെഫോണ്‍ പദ്ധതി അതിവേഗതയിൽ പുരോഗമിക്കുകയാണ്. 2019ല്‍ കരാര്‍ ഒപ്പിട്ട ഈ ബൃഹദ് പദ്ധതി പ്രളയവും കോവിഡും ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് അതിന്‍റെ ലക്ഷ്യത്തോട് അടുക്കുകയാണ്.


👉 ലൈഫ് മിഷന്‍ വഴി ഇരുപതിനായിരം വ്യക്തിഗത വീടുകളുടെയും മൂന്ന് ഭവനസമുച്ചയങ്ങളുടെയും ഉദ്ഘാടനം ഈ ഘട്ടത്തില്‍ നിര്‍വ്വഹിക്കും. സംസ്ഥാനത്തൊട്ടാകെ വാതില്‍പ്പടി സേവനം ആരംഭിക്കും.


👉 മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച ഭവനങ്ങളുടെ താക്കോല്‍ദാനവും പുനര്‍ഗേഹം പദ്ധതി വഴി നിര്‍മ്മിച്ച 532 ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനവും നടത്തും.


👉 അതിദാരിദ്ര്യ സര്‍വ്വേ മൈക്രോപ്ലാന്‍ പ്രസിദ്ധീകരിക്കും.


👉 എല്ലാ ജില്ലകളിലും സുഭിക്ഷ ഹോട്ടലുകള്‍ തുറക്കും.


👉 എല്ലാവരുടെയും റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡുകളാക്കി മാറ്റുന്ന പദ്ധതി ഉദ്ഘാടനം ചെയ്യും.


👉 ഭൂരഹിതരായ 15,000 പേര്‍ക്ക് പട്ടയം വിതരണം ചെയ്യും.


👉 ഭൂമിയുടെ അളവുകള്‍ കൃത്യമായി രേഖപ്പെടുത്തുന്ന ഡിജിറ്റല്‍ സര്‍വ്വേ തുടങ്ങും.


👉 ജനങ്ങള്‍ക്ക് ദുരന്ത നിവാരണ വിദ്യാഭ്യാസം, ദുരന്ത നിവാരണ സാക്ഷരത എന്നിവ നല്‍കുന്ന പദ്ധതി ആരംഭിക്കും.


👉 കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതി ഉദ്ഘാടനം ചെയ്യും.


👉 10,000 ഹെക്ടറില്‍ ജൈവ കൃഷി തുടങ്ങും.


👉 സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഹെഡ് ക്വാര്‍ട്ടേഴ്സ്, കേരള പോലീസ് അക്കാദമിയില്‍ ആരംഭിക്കുന്ന പോലീസ് റിസര്‍ച്ച് സെന്‍റര്‍, മലപ്പുറത്ത് സ്ത്രീ ശിശു സൗഹൃദ പോലീസ് സ്റ്റേഷന്‍ എന്നിവയുടെ ഉദ്ഘാടനം നടത്തും. പുതിയ 23 പോലീസ് സ്റ്റേഷനുകള്‍ക്ക് തറക്കല്ലിടും.


👉 തവനൂര്‍ സെന്‍ട്രല്‍ ജയില്‍ പ്രവര്‍ത്തനമാരംഭിക്കും.


👉 കുട്ടനാട് പാക്കേജ് ഫേസ് 1 ന്‍റെ ഭാഗമായി പഴുക്കാനില കായല്‍ ആഴം കൂട്ടലും വേമ്പനാട് കായലില്‍ ബണ്ട് നിര്‍മ്മാണവും തുടങ്ങും.


👉 കോട്ടയത്തെ കുറിച്ചി, കോട്ടയം മുനിസിപ്പാലിറ്റി, എറണാകുളത്തെ ആമ്പല്ലൂര്‍, തിരുവനന്തപുരത്തെ കാട്ടാക്കട, നഗരൂര്‍, കൊല്ലത്തെ കരീപ്ര എന്നീ കുഴല്‍കിണര്‍ കുടിവെള്ള വിതരണ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.


👉 8 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികജാതി വികസന വകുപ്പിന് കീഴില്‍ 2,500 പഠനമുറികള്‍ ഒരുക്കും.


👉 പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വഴി പ്രവാസികള്‍ക്കുള്ള റിട്ടേണ്‍ വായ്പ പദ്ധതി നടപ്പാക്കും.


👉 കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ശബരിമല ഇടത്താവളങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നടത്തും.


👉 ഉന്നതവിദ്യാഭ്യാസ വകുപ്പ് 150 വിദ്യാര്‍ത്ഥികള്‍ക്ക് നവകേരള ഫെല്ലോഷിപ്പ് വിതരണം ആരംഭിക്കും.


👉 18 വയസ്സ് പൂര്‍ത്തിയായ ഭിന്നശേഷിക്കാര്‍ക്ക് ജീവനോപാധി കണ്ടെത്താനും അതുവഴി സ്വയം പര്യാപ്തരാകാനും സഹായിക്കുന്ന എംപവര്‍മെന്‍റ് ത്രൂ വൊക്കേഷനലൈസേഷന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.


👉 ഇടുക്കിയില്‍ എന്‍ സി സി യുടെ സഹായത്തോടെ നിര്‍മ്മിച്ച എയര്‍ സ്ട്രിപ്പ് ഉദ്ഘാടനം ചെയ്യും.


👉 കോഴിക്കോടും കൊല്ലത്തും മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം ഉദ്പാദിപ്പിക്കുന്ന പദ്ധതികളുടെ നിര്‍മ്മാണമാരംഭിക്കും.


👉 മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായുള്ള 1,500 റോഡുകളുടെ ഉദ്ഘാടനം നടത്തും.


👉കുടുംബശ്രീ വഴി നടപ്പിലാക്കുന്ന പ്രവാസിഭദ്രത പരിപാടി രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യും.


👉 75 പാക്സ് കാറ്റാമറൈന്‍ ബോട്ടുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.


ഇത് ഒരു ഏകദേശ ചിത്രം മാത്രമാണ്. സംസ്ഥാനത്തിന്‍റെ പുരോഗതിക്ക് ഗതിവേഗം കൂട്ടുന്ന അനേകം പദ്ധതികളാണ് യാഥാര്‍ഥ്യമാകുന്നത്. കോവിഡ് പ്രതിസന്ധിക്കാലത്തും സര്‍ക്കാരിന് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്‍റെ പ്രതിഫലനമാണ് ഈ നേട്ടം.



Post a Comment

Previous Post Next Post